Kerala
സുള്ള്യ: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 127 തൂക്കുപാലങ്ങൾ നിർമിച്ച എൻജിനിയറിംഗ് വിദഗ്ധൻ പദ്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. സുള്ള്യയിലെ കെവിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കർണാടക, കേരളം, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലായി നൂറിൽപ്പരം തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 30 എണ്ണം കേരളത്തിലാണ്. തൂക്കുപാലങ്ങളുടെ നിർമാണം വഴി ഗ്രാമീണജനതയ്ക്ക് എളുപ്പത്തിലുള്ള സഞ്ചാരമാർഗങ്ങൾ തുറന്നുനൽകിയതിലൂടെ ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്ന വിശേഷണം ലഭിച്ചു. 2017 ലാണ് പദ്മശ്രീ ബഹുമതി ലഭിച്ചത്.
1950ൽ ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യയിൽ ജനിച്ച ഗിരീഷ് 1973 ൽ മാണ്ഡ്യ എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടി.
1989ൽ ദക്ഷിണകന്നഡ ജില്ലയിലെ അരമ്പൂരിൽ പയസ്വിനിപ്പുഴയ്ക്കു കുറുകെയാണ് ആദ്യമായി തൂക്കുപാലം നിർമിച്ചത്. ഇതേ പുഴയ്ക്കു കുറുകെ 1994 ൽ കാസർഗോഡ് ജില്ലയിലെ പാണത്തൂരിലും തൂക്കുപാലം നിർമിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്നു കാണുന്ന തൂക്കുപാലങ്ങളിൽ ബഹുഭൂരിപക്ഷത്തിനും പിന്നിൽ ഗിരീഷ് ഭരദ്വാജിന്റെ എൻജിനിയറിംഗ് മികവുണ്ട്.
മെക്കാനിക്കൽ എൻജിനിയറെന്ന നിലയിൽ വിദേശരാജ്യങ്ങളിൽനിന്നുപോലും കിട്ടിയ ജോലിസാധ്യതകൾ വേണ്ടെന്നു വച്ചാണ് ഗിരീഷ് ഗ്രാമീണമേഖലയിൽ തൂക്കുപാലങ്ങളുടെ നിർമാണത്തിനായി മുന്നിട്ടിറങ്ങിയത്.
ഗിരീഷിന്റെ ജീവിതത്തെ ആധാരമാക്കി സേതുബന്ധു എന്ന പേരിൽ കന്നഡയിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമയുടെ നിർമാണ ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: ഉഷ. മൂന്നു മക്കളുണ്ട്.
മകൻ പതഞ്ജലി ഭരദ്വാജ് തൂക്കുപാലങ്ങളുടെ നിർമാണത്തിൽ പിതാവിന്റെ സഹായിയായിരുന്നു.
National
റായ്പുർ: ഛത്തീസ്ഗഡിലെ പരമ്പാരാഗത നാടോടി കഥാപ്രസംഗരൂപമായ പാണ്ഡവാനിയിലൂടെ ലോകശ്രദ്ധയാകർഷിച്ച തീജൻ ഭായി (70) അന്തരിച്ചു. ഞായറാഴ്ച പുലർച്ച റായ്പൂരിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
അതുല്യമായ ആലാപന ശൈലിയും ആകര്‍ഷകമായ പ്രകടനങ്ങളുംവഴി പാണ്ഡവാനിയെ രാജ്യാന്തരവേദികളെത്തിച്ച അവരെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതിലും നേടിയിട്ടുണ്ട്.
ദുർഗ് ജില്ലയിലെ ഗാനിയാരിയിൽ ഗോത്രവർഗ കുടുംബത്തിൽ 1956 ലാണ് ജനനം. സ്ത്രീകൾക്കു വേദിയിലെത്താൻ അനുവാദമില്ലാതിരുന്ന കാലത്ത് ഏറെ വെല്ലുവിളികൾ ഏറ്റെടുത്താണ് ടീജൻഭായി കലാരംഗത്ത് തുടർന്നത്.
Kerala
കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജന് കേസിലെ ഏക സാക്ഷി അന്തരിച്ചു. കോഴിക്കോട് എന്‍ജിനിയറിംഗ് കോളജ് മുന്‍ അധ്യാപകന് കാസര്‍ഗോഡ് ചൗക്കി കെ.കെ പുറം ചെമ്പകം വീട്ടില്‍ പ്രഫ. കെ.കെ. അബ്ദുള്‍ ഗഫാറാണ് (89) അന്തരിച്ചു. കൊല്ലം ടി.കെ.എം കോളേജ്, കോഴിക്കോട് ആര്.ഇ.സി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചിരുന്നു.
യമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന് ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷന് ഡയറക്ടറുമായിരുന്നു. സൗദി അറോബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉമ്മുല്‍ ബര്‍ക്കത്ത് ജമീല. മക്കള്‍: ഫരീദ ഗഫാര്‍, ജമാലുന്നിസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഷാജിര്‍ ഗഫാര്‍. മരുമക്കള്‍: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി. സഹോദരങ്ങള്‍: കെ.കെ. അബ്ദുള്‍ ജലീല്‍, പരേതരായ കെ.കെ. മാഹിന്‍, സക്കീന, കെ.കെ. ഇബ്രാഹിം, കെ.കെ. ഷംസുദ്ദീന്.
National
മുംബൈ: പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അഗർവാൾ (71) ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
കേതന്റെ മരണത്തിന് ശേഷം ആരോഗ്യം വഷളായതിനെ തുടർന്ന് ദേവിചന്ദ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.45-ഓടെ ഡോക്ടർമാർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. കേതൻ അഗർവാൾ മരിച്ച് പതിനേഴാം ദിവസമാണ് മുത്തച്ഛനും ലോകത്തോട് വിടപറയുന്നത്.
Kerala
താനൂർ: താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പുരം മൂലക്കൽ സ്വദേശി വലിയകത്ത് പുതിയ ഒറ്റയിൽ അസ്കർ (58) അന്തരിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.10 ന് മരിച്ചു. പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസം കഴിയുന്ന വേളയിലാണ് വിയോഗം.
താനൂർ മൂലക്കൽ നൂർ മസ്ജിദിന്റെയും മദ്രസയുടെയും ജനറൽ സെക്രട്ടറിയായും നടക്കാവ് മഹല്ല് മുഹിയുദീൻ മസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പകരനിരപ്പിൽ ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ വി.പി.ഒ. അസ്കർ ഏറെക്കാലം താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 മുതൽ 11 വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30ന് നടക്കാവ് മുഹിയുദീൻ ജുമാമസ്ജിദിൽ കബറടക്കും. പരേതരായ തൊമ്മിൽ പുതിയകത്ത് അബൂബക്കറിന്റെയും കുഞ്ഞീവിയുടെയും മകനാണ്.
ഭാര്യ: ബുഷ്റ (അധ്യാപിക, എസ്എംയുപി സ്കൂൾ,താനൂർ). മക്കൾ: റഷ, ഷാന നൗറിൻ, നിദ മർയം. മരുമക്കൾ: മാജിദ് റഹ്മാൻ (ഉള്ളണം), സഫ്വാൻ (പുറത്തൂർ മരവന്ത). സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, റഫീഖ്, സൽമാബീവി, സാബിറ, സഫൂറ.
Kerala
ആലപ്പുഴ: പ്രമുഖ കവിയും നിരൂപകനുമായ പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ വിയോഗം അദ്ദേഹത്തിന്റെ ജന്മനാടായ ഹരിപ്പാടിന് കണ്ണീരോർമ്മയായി. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും ഡൽഹിയിലും തിരുവനന്തപുരത്തുമായിരുന്നെങ്കിലും, തന്റെ കാവ്യസംസ്കാരത്തിന്റെ വേരുകൾ ഹരിപ്പാടിന്റെ മണ്ണിലായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.
1934-ൽ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷമായ കാവ്യശൈലി.
ഇത് രൂപപ്പെടുന്നതിൽ ജന്മനാടിന്റെ സാംസ്കാരിക പശ്ചാത്തലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടും സനാതന ധർമബോധത്തോടുമുള്ള പ്രതിബദ്ധതയും ദേശീയ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും ഒക്കെ തിളങ്ങുമ്പോഴും ഹരിപ്പാടുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
കവിതയ്ക്കും നിരൂപണത്തിനുമായി കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോൾ അത് ഹരിപ്പാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായി മാറി.
അവസാനകാലത്ത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു താമസമെങ്കിലും, ഹരിപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമായിരിക്കും പി. നാരായണക്കുറുപ്പിന്റേത്.
Kerala
തൃശൂർ: ജീസസ് യൂത്ത് പ്രസ്ഥാനത്തെ പ്രാരംഭകാലങ്ങളിൽ ആത്മീയ ദിശാബോധം നൽകി വളർത്തിയെടുത്ത വളർത്തച്ഛനായിരുന്നു "പള്ളിയച്ചൻ" എന്ന് എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്ന ഫാ. അബ്രഹാം പള്ളിവാതുക്കൽ എസ്.ജെ.
സൗമ്യമായ പെരുമാറ്റവും മൃദുഭാഷണവും കൊണ്ട് ഏവരെയും ആകർഷിച്ചിരുന്ന അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനും ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ ( കെഎസ് ടി) ചെയർമാൻ, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
അപ്പോഴും യുവജനങ്ങളെ ശാക്തീകരിക്കാനും നേതൃത്വം രൂപപ്പെടുത്താനും ബദ്ധ ശ്രദ്ധ പുലർത്തി.
വേദികളിൽ പ്രസംഗിക്കുന്ന ആത്മീയഗുരു മാത്രമായിരുന്നില്ല അദ്ദേഹം; യുവാക്കളുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നടന്ന ഒരു സ്നേഹസാന്നിധ്യമായിരുന്നു.
യുവാക്കളെ ചേർത്തുപിടിച്ച് അവരുടെ ആശങ്കകൾ കേൾക്കുകയും തളർന്ന മനസുകൾക്ക് പ്രത്യാശ പകരുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. ആർക്കെങ്കിലും തെറ്റുപറ്റുകയോ ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തുകയോ ചെയ്താൽ ശാസനയേക്കാൾ സ്നേഹമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്.
ഷോൾഡറിനു താഴെയായി ഒരു ചെറിയ പിച്ചിലൂടെ (നുള്ളിലൂടെ) തന്റെ സ്നേഹത്തോടെയുള്ള ഓർമപ്പെടുത്തൽ അദ്ദേഹം നൽകുമായിരുന്നു. ആ പിച്ചിൽ കോപത്തേക്കാൾ കരുതലും ശിക്ഷയേക്കാൾ സ്നേഹവുമായിരുന്നു നിറഞ്ഞിരുന്നത്.
തന്നെകാണാൻ വരുന്നവരെ ( പ്രത്യേകിച്ച് യുവജനങ്ങളെ ) ഭക്ഷണം കഴിക്കാതെ വിടാൻ പള്ളിയച്ചൻ തയാറല്ലായിരുന്നു. "കഴിച്ചിട്ടുപോ..." എന്ന സ്നേഹനിർബന്ധം അദ്ദേഹത്തെ കളമശേരി എമ്മാവൂസിൽചെന്ന് കണ്ടിട്ടുള്ള ഏവരുടെയും മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ടാകും.
ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളിലുപോലും കരുതുന്ന ഒരു പിതൃസ്നേഹമായിരുന്നു അദ്ദേഹത്തിന്റേത്.
അനേകം യുവാക്കൾക്കു വിശ്വാസത്തിന്റെ വഴിയും സേവനത്തിന്റെ അർഥവും കാരുണ്യത്തിന്റെ മാതൃകയും പഠിപ്പിച്ച പള്ളിയച്ചൻ ഒരു പുരോഹിതൻ മാത്രമായിരുന്നില്ല; അനേകായിരം ജീവിതങ്ങളെ സ്പർശിച്ച ഗുരുവും ആശ്വാസം പകർന്ന ഒരു സുഹൃത്തും ആയിരുന്നു.
കാൻസർ ബാധിതനായി വിശ്രമജീവിതം നയിക്കുമ്പോൾ കുടുംബ സമേതവും അല്ലാതെയും എത്തുന്ന അരുമ ശിഷ്യർക്കു പ്രാർഥനാ സഹായം വാഗ്ദാനം ചെയ്യുകയും സ്നേഹ മുത്തം നൽകി യാത്രയാക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്റെ മൃദുസ്മിതവും സ്നേഹത്തിന്റെ പിച്ചും കരുതലിന്റെ വാക്കുകളും അനുഭവിച്ച ആയിരക്കണക്കിനു ജീസസ് യൂത്ത് പ്രവർത്തകർ ലോകമെമ്പാടും ഇന്നുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലും മനസിലും
കാലം മായ്ക്കാത്ത ഓർമകളായി ആ സ്നേഹസ്പർശങ്ങൾ നിലനിൽക്കും. അതുകൊണ്ടുതന്നെ പള്ളിയച്ചന്റെ ജീവിതം സേവനത്തിന്റെയും വിനയത്തിന്റെയും നിസ്വാർഥ സ്നേഹത്തിന്റെയും പ്രകാശിക്കുന്ന സാക്ഷ്യമായി തുടരും; തീർച്ച.
NRI
ന്യൂയോർക്ക്: മന്ത്രയുടെ മുൻ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമൻ (85) അന്തരിച്ചു.
ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രയ്ക്ക് വേണ്ടി മുൻ ട്രസ്റ്റീ ചെയർ ശശിധരൻ നായർ, പിആർഒ രഞ്ജിത് ചന്ദ്രശേഖർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
Kerala
പറവൂർ: വൈദിക താന്ത്രിക ആചാര്യനും ജ്യോതിഷ പണ്ഡിതനുമായിരുന്ന പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് കാട്ടിപ്പറമ്പിൽ കെ.കെ. അനിരുദ്ധൻ തന്ത്രികൾ (71) അന്തരിച്ചു.
ന്യുമോണിയ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചെ 6.45 നാണ് മരിച്ചത് . സംസ്കാരം ഇന്നു പത്തിന് ശ്രീ ഗുരുദേവ താന്ത്രിക വിദ്യാപീഠം വളപ്പിൽ. ഭാര്യ: ലസിത. മകൻ: ബ്രഹ്മസുർ.
നിലവിൽ സംസ്ഥാനത്തെ 50 ഓളം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലകൾ വഹിച്ചുവരികയായിരുന്നു. താന്ത്രിക വൈദിക ജോലികളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.1987ൽ ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപിച്ചു.
ആണ്ടിപ്പിള്ളിക്കാവിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒട്ടേറെ വിദ്യാർഥികൾ വൈദിക താന്ത്രിക വിഷയങ്ങളിൽ പഠനം നടത്തുന്നു. ഈ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളെയും താന്ത്രിക വൈദിക ശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കാൻ അദ്ദേഹം തയാറായി.
Kerala
കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. സംസ്കാരം പിന്നീട്. വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കിൽ, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ൽ അധികം ഗാനങ്ങളുടെ രചയിതാവാണ്. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു.
പോപ്പുലര്‍ മിഷന് ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
ഇടവക-മിഷന് ശുശ്രൂഷകളില്‍ കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്ത അദ്ദേഹം, ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന് പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന് പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മിഷന് പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചു. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു.
സീറോ മലബാര്‍ സഭ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, വിശുദ്ധ കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന് അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി.
National
ബംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്. സിനിമാ സംവിധായികയായ കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണ്ടതിന്റെ പ്രാധാന്യം പറയുന്ന ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ സാഹിത്യരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
NRI
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kerala
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
മ്യുൻസ്റ്റർ: ജർമനിയിലെ പ്രവാസി മലയാളികൾക്കിടയിലും സാംസ്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ - സാമൂഹിക, മാധ്യമ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ ഇടമറ്റം സ്വദേശിയായ ഡോ. മാത്യു മണ്ഡപത്തിൽ (82) മ്യുൻസ്റ്ററിൽ അന്തരിച്ചു.
മ്യുൻസ്റ്റർ രൂപതയുടെ കീഴിൽ സോഷ്യൽ വർക്കറായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഡോ. മാത്യു. ജർമനിയിൽ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക - നിയമ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
മ്യുൻസ്റ്റർ രൂപതയിലെ ഔദ്യോഗിക പദവികൾക്കൊപ്പം ജർമൻ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. വത്സമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സംസ്കാരം പിന്നീട്. ഡോ. മാത്യുവിന്റെ വേർപാടിൽ ജർമനിയിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
Kerala
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. സംസ്കാരം പിന്നീട്.
1929 ഡിസംബർ അഞ്ചിന് ജനിച്ച അദ്ദേഹം വയസിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു, തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയിൽ നിന്നും കശ്ശിശ്ശ പട്ടവും,1993 ൽ പെരുമ്പള്ളിയിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി എപ്പിസ്കോപ്പ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.
2007ൽ പഴയിടത്തുവയലിൽ മാത്യൂ പി. എലിയാസ് കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു, ഏറെ കാലം പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അന്നമ്മ കുര്യാക്കോസ്, മക്കൾ: ഡോ. ഇ.കെ തോമസ് ( ആഗ്രി ഇക്കണോമിസ് വിഭാഗം മേധാവി-കേരള കാർഷിക സർവകലാശാല (റിട്ടയർ), പ്രഫ. ഡോ. ഇ.കെ. മാത്യു (രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല (റിട്ടയർ), ഇ.കെ. കുറിയാക്കോസ് (സെന്റ് മേരീസ് കോളജ് മണർകാട്, റിട്ടയർ പ്രിൻസിപ്പൾ), ഇ.കെ. എലിയാമ്മ, ഇ.കെ. അന്നമ്മ.
മരുമക്കൾ: ലൈലമ്മ തോമസ്, റജീന ജോർജ്, (ബിപിസിഎൽ റിട്ടയർ), പരേതനായ സുകു ചുങ്കത്ത്, ഡോ. ഇ.വി. നൈബി ( റിട്ടയർ, ഡയറക്ടർ ഓഫ് അക്കഡമിക് ആൻഡ് പിജി സ്റ്റഡീസ് കേരള സർവകലാശാല)
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
ഇന്ന് പുലർച്ചെയാണ് അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. ഇന്ന് വൈകിട്ട് മൂന്നിന് പെരുന്നയിലെ വീട്ടിൽ വച്ചായിരിക്കും സംസ്കാരം.
Sports
ന്യൂഡൽഹി: ഷൂട്ടിംഗ് റേഞ്ചുകളിലെ പിഴയ്ക്കാത്ത ഉന്നവുമായി രാജ്യത്തിന് ഒട്ടേറെ മെഡലുകൾ സമ്മാനിച്ച ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒന്നുമുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞമാസം അവസാനം ഐഎസ്എസ്എഫ് ലോകകപ്പിനായി ജര്‍മനിയിലെ മ്യൂണിക്കില്‍ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. മടക്കയാത്രയിൽ ഡല്‍ഹി വിമാനത്താവളത്തിൽ എത്തിയയുടൻ ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാതത്തിനു ചികിത്സയും തുടർന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെ കടുത്ത ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
പാരീസ് ഒളിന്പിക്സ് ഇരട്ടമെഡൽ ജേതാവ് മനു ഭാക്കർ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലകനെന്ന നിലയിലും തിളങ്ങിയ ജസ്പാൽ പന്ത്രണ്ടാംവയസിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയാണു വരവറിയിച്ചത്. ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്ന കോട്ടയം ഉഴവൂർ സ്വദേശി
അന്തരിച്ച പ്രഫ.സണ്ണി തോമസിന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് റേഞ്ചുകളിലെ അസാമാന്യപ്രകടനത്തിന് ആദരവായി 1994 ൽ അർജുന അവാർഡും 1997 ൽ പദ്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. പരിശീലനമികവിന് 2020 ൽ ദ്രോണാചാര്യ പുരസ്കാരവും.
Kerala
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഐഎന്‍എസ് അക്രഡിറ്റഡ് അഡ്വര്‍ട്ടൈസിംഗ് എജന്‍സിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക് ടര്‍ തട്ടാനിയത്ത് ടി.ഒ. ഫിലിപ്പ് (86) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12നു കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയില്‍. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു എസ്എച്ച് മൗണ്ടിലുള്ള ഭവനത്തില്‍ കൊണ്ടുവരും. ഭാര്യ: രാജമ്മ ഫിലിപ്പ് കുമരകം കൊച്ചുമങ്ങര എഴുപതില്‍ കുടുംബാംഗം.
മക്കള്‍: ജെയ്സണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ്, അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കള്‍: സീബാ ജെയ്സണ്‍ അറയ്ക്കല്‍ കുറിച്ചി, നീതു ജെബിസണ്‍ വഞ്ചിപ്പറമ്പില്‍ ആലപ്പുഴ, അഡ്വ. ഫെനു സ്കറിയ ഇടവഴിക്കല്‍ കോട്ടയം.
ക്നാനായ യുവജനസമാജം, ഇ.എം. ഫിലിപ്പ് ഫൗണ്ടേഷന് എന്നിവയുടെ ജനറല്‍ സെക്രട്ടറി, ക്നാനായ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി, വൈസ്പ്രസിഡന്റ്, മാര്‍ സേവേറിയോസ് എഡ്യുക്കേഷന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി, ക്നാനായ അസോസിയേഷന് അംഗം, ക്നാനായ ദീപം, ക്ലീമീസ് ഫണ്ട് എന്നി സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, കോട്ടയം വലിയപള്ളി ട്രസ്റ്റി, കോട്ടയം വൈസ്മെന്‍സ് ക്ലബ് പ്രസിഡന്റ്, ലെഫ്റ്റനന്റ് റീജിയണല്‍ ഡയറക് ടര്‍, കോട്ടയം നോര്‍ത്ത് റോട്ടറി ക്ലബ് പ്രസിഡന്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടി.വി. റേഡിയോ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് ഓഫ് കേരള പ്രസിഡന്റ്, കേരള അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
National
വിജയവാഡ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. മല്ലവരപു പ്രകാശ് (77) ദിവംഗതനായി.
ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് വിശാഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച നടക്കും.
1949 ജനുവരി 29ന് നിസാമാബാദ് ജില്ലയിലെ ജാദിജമാൽപുരിൽ ജനിച്ച ഡോ. പ്രകാശ് 1979 ഒക്ടോബർ പത്തിന് പൗരോഹിത്യം സ്വീകരിച്ചു. 1998 ജൂലൈ 22ന് ബിഷപ്പായി നിയമിതനായി.
2002 വരെ കടപ്പ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം തുടർന്ന് 2012 വരെ വിജയവാഡ രൂപത ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2012 മുതൽ 2024 ൽ വിരമിക്കുന്നതുവരെ വിശാഖപട്ടണം ആർച്ച്ബിഷപ്പായിരുന്നു.
National
മുംബൈ: പ്രമുഖ നിർമാതാവും സെൻസർ ബോർഡ് മുൻ അധ്യക്ഷനുമായ പഹ്ലജ് നിഹലാനി (76) അന്തരിച്ചു. ഏറെനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ബോളിവുഡിലെ മുൻനിര നിർമാതാക്കളിൽ ഒരാളായിരുന്ന പഹ്ലജ് നിഹലാനി ആംഖേൻ, അന്ദാസ്, തലാഷ്, രംഗീലരാജ, ജൂലി 2 തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവാണ്.
1980-കളുടെ തുടക്കത്തിലാണ് അദ്ദേഹം സിനിമ നിർമാണരംഗത്തേക്ക് കടക്കുന്നത്.
Kerala
ചാത്തന്നൂർ: പ്രായം കൂടിയ മുത്തശിമാരിലൊരാളായ ചാത്തന്നൂർ ഇടനാട് പുളിവിളവീട്ടിൽ (ഗൗരിസദനം) ഗൗരിയമ്മ (114) അന്തരിച്ചു. ഭകീർത്തനരചയിതാവും ആദ്യകാല വ്യവസായിരുന്ന പരേതനായ കുഞ്ഞൻപിള്ള ആശാനാണ് ഭർത്താവ്.
അടുത്തകാലംവരെയും -ഓർമ്മശക്തിക്കും ആരോഗ്യ ത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. പഴമയുടെ ഈണമുള്ള ഞാറ്റുപാട്ടുകൾ മനോഹരമായി പാടി കേൾവിക്കാരെ കൗതുകത്തിലാഴ്ത്തുന്നത് ഗൗരിയമ്മയുടെ പതിവായിരുന്നു.
110-ാംവയസിൽ ജില്ലയിലെ ഏറ്റവും മുതിർന്ന വ്യക്തിയെന്നനിലയിൽ ജില്ലാപഞ്ചായ ത്ത് ഗൗരിയമ്മയെ ആദരിച്ചിരുന്നു. മക്കൾ: ദാമോദരൻപിള്ള (റിട്ട. അധ്യാപകൻ), ഓമനയമ്മ (റിട്ട. അധ്യാപിക), സരോജിനിയമ്മ, ഉണ്ണിക്കൃഷ്ണൻനായർ, ഉഷാകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതരായ ശ്രീധരൻപിള്ള, ലളിതാഭായ്, വിജയലക്ഷ്മി.
മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻനായർ, ദേവകിയമ്മ, കുട്ട പ്പൻപിള്ള, സരസ്വതിയമ്മ, പരേതരായ ഭാസ്കരൻപിള്ള, കരുണാകരൻനായർ (യുപിഎസ്. കല്ലുവാതുക്കൽ),
National
ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മോഹിനി മണിയുടെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് കുടുംബാംഗങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
നടൻ കമൽഹാസൻ, ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ബിജെപി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
Kerala
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.
2009 ൽ ചാലക്കുടിയിൽനിന്ന് ലോക്സഭാംഗമായി. 2014 ൽ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ. ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു ധനപാലൻ.
Kerala
കോട്ടയം: തക്കല രൂപത മുൻ വികാരി ജനറാൾ മോൺ. തോമസ് പൗവത്തുപറമ്പിൽ (65) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ജൂൺ രണ്ടിന് ഉച്ചയ്ക്ക് ഒന്നിന് പാമ്പാടി കൂരോപ്പട പൗവത്തുപറമ്പിൽ പി.എസ്.സ്കറിയയുടെ ഭവനത്തിൽ ആരംഭിക്കും.
തുടർന്ന് കൂരോപ്പട ഹോളിക്രോസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കും. 1961 മാർച്ച് 15ന് ജനിച്ച അദ്ദേഹം 1988 ഡിസംബർ 31നാണ് വൈദിക പട്ടം സ്വീകരിച്ചത്. നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയ വികാരി, അൽഫോൻസാ മെട്രീക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ മുൻ കറസ്പോണ്ടന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 10.30 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. 11 മുതൽ 12 വരെ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും നടക്കും. പിന്നീട് മൃതദേഹം കൂരോപ്പടയിലേക്ക് കൊണ്ടുപോകും.
Kerala
കൊച്ചി: സഭാചരിത്ര പണ്ഡിതനും സാഹിത്യകാരനും പ്രഭാഷകനുമായ ആന്റണി പുത്തൂർ (81) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കൊച്ചി ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ.
കേരളത്തിലെ ലത്തീൻ സഭാ ചരിത്രാന്വേഷണത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ "ഹോർത്തൂസ് മലബാറിക്കസും നാട്ടുചികിത്സാരീതികളും' എന്ന ബൃഹദ്ഗ്രന്ഥം ശ്രദ്ധേയമാണ്.
നിരവധി പള്ളികളിൽ നോമ്പുകാല പുത്തൻപാന പാരായണവും വിചിന്തനവും നടത്തിയിട്ടുണ്ട്. അർണോസ് പാതിരിയുടെ കാവ്യങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
കർണാടകയിലെ തളിക്കോട്ട വിദ്യാപ്രചാരക മണ്ഡൽ ഹൈസ്കൂളിലെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ 2014ലെ അവാർഡ്, 2017ലെ ഫെലോഷിപ്പ്, കെസിബിസി ഗുരുപൂജ പുരസ്കാരം, കേരള ലത്തീൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ ചരിത്ര പ്രതിഭ അവാർഡ് എന്നിവ ആന്റണി പുത്തൂരിന് ലഭിച്ചു.
ഭാര്യ: ജയിൻ ആന്റണി. മക്കൾ: സിന്ധു ആന്റണി, ജെസ്ദേ ഫ്രാൻസിസ്, റാണി ആന്റണി. മരുമക്കൾ: ബോബി ചേരംവേലി ദേവസ്യ, മേരി ആശ മൈക്കിൾ, സന്തോഷ് ചാക്കോ.
District News
മഞ്ചേരി: മലപ്പുറം ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ അംഗവുമായിരുന്ന മംഗലം ഗോപിനാഥ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വേട്ടേക്കോട് എൻഎസ്എസ് ശ്മശാനത്തിൽ.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.35ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
എഐസിസി, കെപിസിസി അംഗം, സംസ്ഥാന ടെലികോം ഉപദേശക സമിതി, മിനിമം വേജസ് ബോർഡ്, ഹാൻഡ്ലൂം അഡ്വൈസറി ബോർഡ്, ടിബി അസോസിയേഷൻ ഗവേണിംഗ് ബോഡി, ഗവണ്മെന്റ് മെഡിക്കൽ കോളജ് വികസനസമിതി എന്നിവയിൽ അംഗമായിട്ടുണ്ട്. തുഞ്ചൻ സ്മാരക സമിതി സെക്രട്ടറി, അൽ അമീൻ, മലബാർ ടുഡേ എന്നീ സായാഹ്ന പത്രങ്ങളുടെ മനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ലയണ്‍സ് ക്ലബ്, കോസ്മോ ക്ലബ് ഭാരവാഹിയുമായിരുന്നു.
ഭാര്യ: രുക്മിണി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: സുരേഷ് കുമാർ (ബിസിനസ്), സുനന്ദാദേവി (അധ്യാപിക, പിഎച്ച്എസ് പൊന്നാനി). മരുമകൻ: കൃഷ്ണകുമാർ (ബിസിനസ്).
Sports
ആലുവ: സന്തോഷ് ട്രോഫി താരം നേതാജി റോഡ് കരുവേലി പോൾസൺ (66) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിൽ.
ഭാര്യ: ഹെലൻ പോൾസൺ (രായപ്പിൽ). മക്കൾ: ബാരിറ്റോ, ബോണിന. മരുമക്കൾ: ഐറിൻ, സിബി അർനോൾഡ്.
ആറു തവണ തമിഴ്നാട് ടീമിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.1984ൽ തമിഴ്നാട് സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. ഓട്ടമത്സരങ്ങളിർ സ്കൂൾ വിദ്യാഭാസം മുതൽ മികവ് തെളിയിച്ചിട്ടുണ്ട്. പിതാവ് കെ.പി. പൗലോസ് ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ അത്ലറ്റിക് ചാമ്പ്യനായിരുന്നു.
ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടുകളിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. 1970 കളിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനുവേണ്ടിയടക്കം കേരളത്തിനകത്തും പുറത്തുമായി നിരവധി ടീമുകളിൽ ഫുട്ബോൾ കളിച്ചിട്ടുണ്ട്.
Kerala
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ജനറൽ സാഹിബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.
Kerala
വൈപ്പിൻ: ആറു വർഷം മുമ്പ് സ്വന്തം ചരമ വാർത്തയും ഫ്ലക്സ് ബോർഡ് മാറ്ററും ചരമ കത്തും ഏഴാം ചരമദിന കത്തും തയാറാക്കി മരണത്തെ കാത്തിരുന്ന നായരമ്പലം കുടുങ്ങാശേരി തെക്കേപ്പറമ്പില്‍ ടി.പി.വിക്ടര്‍ മാസ്റ്റർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 9 .30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും. താൻ മരിച്ചു കഴിഞ്ഞാൽ ആറിടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കണമെന്നും, 600 ചരമ അറിയിപ്പ് കത്തുകൾ അടിക്കണമെന്നും പ്രമുഖരായ ആർക്കൊക്കെ കത്ത് നൽകണമെന്നും ഇതിലെ മാറ്റർ എഴുതി വച്ചതിനൊപ്പം പ്രത്യേക കുറിപ്പായി മാസ്റ്റർ എഴുതിയിരുന്നു.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍സ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വാടേല്‍ സെന്റ് ജോസഫ് സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹെസ്കൂള്, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, കര്‍ത്തേടം എസ്എച്ച്ജിയുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നായരമ്പലം സ്പോര്‍ട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക കലൂര്‍ കുറിച്ചിപ്പറമ്പില്‍ കൊച്ചുത്രേസ്യ. മക്കള്‍ പോള്‍സൺ (പോള്‍സ് ജ്വല്ലറി, എടവനക്കാട്), ജോജോ വിക്ടര്‍(അധ്യാപകന്, എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട്), മരുമക്കള്‍: ഗ്രീറ്റിലാല് (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽപിഎസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എല്‍പിഎസ്, മുട്ടിനകം).
Kerala
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗവും കളമശേരി യൂണിവേഴ്സിറ്റി സെന്റർ സെന്റ് ജോൺസ് പള്ളി വികാരിയുമായ ഫാ. ജോർജ് നെല്ലിശേരി ( 73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
എളവൂർ സെന്റ് ആന്റണീസ് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്. ചേർത്തല മുട്ടം പള്ളിയിലും കാഞ്ഞൂർ പള്ളിയിലും സഹവികാരിയായും നാലുകെട്ട്, തുണ്ടത്തുംകടവ്, വരാപ്പുഴ, പുതിയകാവ്, ചക്കരപ്പറമ്പ്, കടവന്ത്ര, കാക്കനാട്, പുത്തൻപള്ളി, പാലാരിവട്ടം, അകപ്പറമ്പ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സത്യദീപം അസോസിയേറ്റ് എഡിറ്റർ, പാലാരിവട്ടം പിഒസിയിൽ പിടിഐ സ്റ്റഡീസിന്റെ പ്രീഫെക്ട്, ജീവൻ ടിവി ന്യൂസ് എഡിറ്റർ, മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അക്ഷരശ്രീ മാധ്യമ ഭവൻ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലും അജപാലന ശുശ്രൂഷ നടത്തി.
എളവൂർ നെല്ലിശേരി പൗലോസും റോസയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസ്, മേരി, ദേവസി,പൗലോസ്, ആന്റണി തോമസ്, ടോമി, ഷൈനി.
Kerala
തൃശൂർ: എക്സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ. ബാലകൃഷ്ണന് (87) അന്തരിച്ചു. സംസ്കാരം നടത്തി.
ചന്ദ്രയാണ് ഭാര്യ. ബംഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ്പ്രസിഡന്റായ കൃഷ്ണന്, വിദ്യ എന്നിവര്‍ മക്കളാണ്. മരുമകൻ: കുമാര്‍ (കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).
കേരളത്തിലെ മാധ്യമരംഗത്തു ശ്രദ്ധേയമായിരുന്ന എക്സ്പ്രസ് പത്രം 1944ല്‍ ബാലകൃഷ്ണന്റെ അച്ഛൻ കെ. കൃഷ്ണനാണ് സ്ഥാപിച്ചത്.
ബാലാജി എന്ന പേരില്‍ സിനിമാനിരൂപകനായി പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന കെ. ബാലകൃഷ്ണന് 1970 നവംബറില്‍ അച്ഛന്റെ മരണശേഷമാണ് മുഖ്യപത്രാധിപരായത്. ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു.
നൃത്തകലാപരിശീലനത്തിനായി കെ. കൃഷ്ണന് സ്ഥാപിച്ച നടനനികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി എക്സ്പ്രസ് ഏറ്റെടുത്തശേഷമാണു പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകൻ സി. വി. സാമുവലിന്റെ ചെറുമകളുടെ പിതാവ് ഗ്രേഡി കർട്ടിസ് ലോംഗ് (47) അന്തരിച്ചു.
പരേതനായ കർട്ടിസ് ലോംഗിന്റെയും ലിൻഡ ലോംഗിന്റെയും മകനാണ്. പാരീസ് ആണ് ഭാര്യ. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്. ഗ്രെഗ്, ഗ്രേയ്സൺ എന്നിവർ സഹോദരങ്ങളാണ്.
ഗ്രേഡി ലോംഗിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക - മാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Sports
കോൽക്കത്ത: മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ്ബിന്റെ മുൻ പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ സ്വപൻ സദാൻ ബോസ് (78) കോൽക്കത്തയിൽ അന്തരിച്ചു.
ടുട്ടു ബോസ് എന്നറിയപ്പെടുന്ന സ്വപൻ സദാൻ ബോസിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ആരാധകർക്കും കായിക പ്രേമികൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മോഹൻ ബഗാൻ ക്ലബ് ടെന്റിൽ എത്തിച്ചു. വൈകുന്നേരം സംസ്കാരം നടന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ടുട്ടു ബോസ് മോഹൻ ബഗാന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോൽക്കത്ത ഫുട്ബോൾ മുൻനിര സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ ടുട്ടു ബോസ് 1990-2000 കാലഘട്ടത്തിനിടയിൽ മോഹൻ ബഗാനിലേക്ക് ചിമ ഒകോറി, കൃഷാനു ഡേ, മോണോരഞ്ജൻ ഭട്ടാചാര്യ എന്നിവരെപ്പോലുള്ള താരങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Kerala
ന്യൂഡൽഹി: അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.
Kerala
ചെങ്ങന്നൂർ: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സജിനി പവിത്രൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കളുടെയും കൊച്ചുമക്കളുടെയും സുഖത്തിനായി എല്ലാ സുഖസൗകര്യങ്ങളുമുള്ള തറവാട് ഉപേക്ഷിച്ച് ശരണാലയത്തിലെത്തിയ അമ്മയുടെയും തറവാടിന്റെയും കഥ പറഞ്ഞ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പത്മരാജൻ സിനിമയുടെ രചന നിർവഹിച്ചത് സജിനി പവിത്രനായിരുന്നു.
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി.സി. സരോജിനി അമ്മ എന്ന സജിനി പവിത്രൻ അധ്യാപികയായും എഴുത്തുകാരിയായും എട്ടു പതിറ്റാണ്ടിലേറെക്കാലം തന്റെ കർമമണ്ഡലത്തിൽ സജീവമായിരുന്നു.
1983ൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് കഥയെഴുതുമ്പോൾ കേരളത്തിൽ വൃദ്ധസദനങ്ങൾ പരിചിതമായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ട എഴുത്തുകാരിയായിരുന്നു അവർ. മൂന്ന് സിനിമകൾക്ക് കഥയൊരുക്കിയെങ്കിലും സജിനിയുടെ ലോകം സിനിമയിൽ മാത്രം ഒതുങ്ങിനിന്നില്ല. റേഡിയോ നാടകങ്ങളിലൂടെയായിരുന്നു തുടക്കം.
കഥ, കവിത, നോവൽ എന്നിവയിലെല്ലാം നിറഞ്ഞുനിൽക്കുമ്പോഴാണ് 1982ൽ ആകാശവാണിയിൽ നാടകം അവതിരിപ്പിക്കാൻ ക്ഷണം ലഭിച്ചത്.
ആകാശവാണിയിലും റേഡിയോ നാടകങ്ങളിലും അവർ നിറസാന്നിധ്യമായിരുന്നു. മൃച്ഛഘടികം, ഈഡിപ്പസ്, ഹാംലെറ്റ്, ഒഥ ല്ലോ, മാളവികാഗ്നിമിത്രം, സാഗരകന്യക എന്നീ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബാലസാഹിത്യത്തിലും വിവർത്തനത്തിലും അവർ നേടിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. 1991ൽ ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എൻസിഇആർടിയുടെ ദേശീയ അവാർഡ് നേടി. 1997ൽ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സജിനി പവിത്രനെ തേടിയെത്തിയട്ടുണ്ട്.
1942 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തായിരുന്നു ജനനം. ചങ്ങനാശേരി അസംപ്ഷന്‍ കോളജിൽനിന്ന് ബിഎസ്സിയും മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജിൽനിന്ന് ബിഎഡും കരസ്ഥമാക്കിയ സോരജിനി 32 വർഷം അധ്യാപികയായിരുന്നു.
ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. 84-ാം വയസിലും സർഗരചനകൾ തുടർന്നുകൊണ്ടിരുന്നു. ‘ദക്ഷിണായനം’ എന്ന തിരക്കഥ സിനിമയാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവർ മടങ്ങുന്നത്.
ആലാ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പരേതനായ എൻ.കെ. പവിത്രനാണ് ഭർത്താവ്. മക്കൾ: ബൈജു പവിത്രൻ, ഡോ. ലക്ഷ്മി. മരുമക്കൾ: പരേതനായ ഡോ. എ.പി. ശ്രീകുമാർ, എൻ.പി. മിനു.
Kerala
തിരുവനന്തപുരം: മുൻ ഡിജിപി ഡോ.പി.ജെ.അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു.
വിരമിച്ച ശേഷം പോലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചു.
Sports
ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം അമന്‍പ്രീത് സിംഗ് (36) അന്തരിച്ചു.
പഞ്ചാബിന്റെ മുന്‍താരമായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ആയിരുന്നപ്പോഴാണ് കോഹ്ലിയും അമന്‍പ്രീത് സിംഗും ഒന്നിച്ച് ഡ്രസിംഗ് റൂം പങ്കിട്ടത്. അമന്‍പ്രീതിന്റെ നിര്യാണത്തില്‍ കോഹ്ലി സോഷ്യല്‍ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി.
വലംകൈ മീഡിയം പേസറായിരുന്ന അമന്‍പ്രീത് സിംഗ് പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരൾ കളിച്ചു. 2008ല്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.
NRI
ലൂസിയാന: പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിലായിരുന്നു അന്ത്യം.
പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ.എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.
മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്). മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്). സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).
സംസ്കാര ശുശ്രൂഷകൾ പിന്നീട് ഹൂസ്റ്റണിൽ നടക്കും.
NRI
ഹൂസ്റ്റൺ: രാമചന്ദ്രൻ കളമുള്ളതിൽ( 77 ) ഹൂസ്റ്റണിൽ അന്തരിച്ചു. മേയ് രണ്ട് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഭാര്യ: റീത്ത രാമചന്ദ്രൻ.
മക്കൾ: സന്ദീപ് രാമചന്ദ്രൻ, സവിന ബിജിത്ത്.
മരുമക്കൾ: ശിഖ സുദീപ്, മരുമകൻ പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത്.
സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ വിൻഫോർഡ് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോമിൽ, 8514 ടൈബർ ഡ്രൈവ്, ഹ്യൂസ്റ്റൺ, TX 77074 എന്ന വിലാസത്തിൽ നടക്കും.
NRI
ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ തൊടുപുഴ സ്വന്തം ഭവനത്തിൽ വച്ചായിരുന്നു അന്ത്യം.
പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ.
ഭാര്യ:പരേതയായ സെലിയാമ്മ ജോസഫ്.
മക്കൾ:ലാൽ - വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക് )
ലിറ്റിമോൾ - സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്)
ലജൻ - ലജൻ - അൻസി വെളിക്കത്ത് (ന്യൂയോർക്ക്).
സംസ്കാര ശുശ്രൂഷകൾ മേയ് 6 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കാരിക്കുന്നതുമാണ്.
NRI
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Sports
മിലാൻ: ഇറ്റാലിയൻ റേസിംഗ് ഇതിഹാസവും പാരാലിമ്പിക് ചാമ്പ്യനുമായ അലക്സ് സനാർഡി (59) അന്തരിച്ചു.
2001ൽ ജർമനിയിലെ ലോസിറ്റ്സ് റിംഗ് ട്രാക്കിൽ നടന്ന റേസിൽ 300 കിലോമീറ്റർ വേഗത്തിൽ കുതിച്ചെത്തിയ കാർ, പിറ്റിൽനിന്നു പുറത്തേക്കുവന്ന സനാർഡിയുടെ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ഇരുകാലുകളും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എഫ് 1 ട്രാക്കിനോടു വിടപറഞ്ഞ അദ്ദേഹം പാരാലിമ്പിക്സിലേക്കു തിരിഞ്ഞു.
2020ൽ ടസ്കനിയിൽ നടന്ന ചാരിറ്റി റിലേ മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ സനാർഡി പിന്നീട് ട്രാക്കിലേക്ക് തിരിച്ചെത്തിയില്ല.
Kerala
കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ(68) അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നൽകിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. കെഎസ്സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ച ഡിജോ കാപ്പൻ, ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഉപഭോക്താക്കളുടെ അവകാശത്തിനായാണ് അദ്ദേഹം കൂടുതൽ പോരാടിയത്.
NRI
ഡാളസ്: പ്രമുഖ ഹാസ്യനടൻ രാജ് ശർമ (50) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ടെക്സസിൽ വച്ചാണ് അന്തരിച്ചത്.
2001 മുതൽ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശർമ, നോർത്ത് ടെക്സസിലെ കലാസമൂഹത്തിന് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു. പ്രശസ്തമായ "ദ ട്രീഹൗസ് ഷോ' എന്ന പോഡ്കാസ്റ്റിന്റെ സഹ-അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും വേദിയിൽ തന്റേതായ ശൈലിയിൽ ചിരി പടർത്തുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കലാസാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോർജ് അന്തരിച്ചു. ടെക്സസിലെ ഡാളസ് ഫോർട്ട് വർത്തിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്. മരുമക്കൾ: ഡെൻസി, ഗീന. സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി കുര്യൻ.
കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരാണ്. സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ 3.55 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവു (2015)കൂടിയായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് ജനിച്ച ഗുരു മുനി നാരായണപ്രസാദ് പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായിരിക്കെ 1968 ലാണ് നാരായണ ഗുരുകുലത്തിൽ ചേരുന്നത്.
1999 ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala
വൈപ്പിന്‍: സീറോമലബാര്‍ സഭ, സഭാതാരമായി അംഗീകരിച്ച ഞാറക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി പി.ടി. കുര്യാക്കോസ് (91) ആലുവയിലെ വസതിയില്‍ അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് സ്നേഹപുരം സെന്റ് ജോസഫ് പള്ളിയില്‍.
അന്താരാഷ്ട്രതലത്തിലുള്ള ഒരു കത്തോലിക്കാ അല്മായ പ്രസ്ഥാനമായ പാക്സ് റൊമാനയുടെ 1964ലെ സ്വിറ്റ്സര്‍ലന്‍ഡ് സമ്മേളനത്തിൽ, ആദ്യത്തെ വെള്ളക്കാരനല്ലാത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അല്മായര്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിച്ചു. 1967ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ കുര്യാക്കോസ് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററിന്റെ ഡയറക്ടറായി സേവനം ചെയ്തു.
ക്രിസ്ത്യന്‍ കോളജുകളുടെ ഓള് ഇന്ത്യ അസോസിയേഷനിൽ പ്രിന്‍സിപ്പല്‍ അല്ലാത്ത ഏക അംഗവുമായിരുന്നു. മലേഷ്യന്‍ റോയല്‍ അവാര്‍ഡ്, കേരള ഗവര്‍ണറുടെ എമിനന്റ് എക്യുമെനിസ്റ്റ് എഡ്യൂക്കേറ്റര്‍ ബഹുമതി എന്നിവ അദ്ദേഹത്തെ തേടിയെത്തി. നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ശൈശവത്തില്‍ പോളിയോ ബാധിതനായ കുര്യാക്കോസ് ശാരീരീക പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടങ്ങളത്രയും കൈവരിച്ചത്.ഭാര്യ: ഏലിയാമ്മ കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: തോമസ് കെ. പുത്തനങ്ങാടി, ജോസഫ് കുര്യാക്കോസ്, ടീന ആന്റണി, മിനി ജോര്‍ജ്. മരുമക്കള്‍: സിന്ധു കുര്യന് പൊട്ടംകുളം (എറണാകുളം), റോഷ്ണി ജോയ് ചിരിയങ്കണ്ടത്ത് (തൃശൂര്‍), ആന്റണി വര്‍ഗീസ് പെല്ലിശേരി (അമ്മാടം), ജോര്‍ജ് തോമസ് കൂട്ടിയാനിയില്‍ (പാലാ).
District News
പെരിന്തൽമണ്ണ: ഏലംകുളം കുന്നക്കാവിലെ ആക്കപ്പറന്പിൽ ഷാജഹാൻ ഖുറൈഷി (44) റിയാദിൽ അന്തരിച്ചു. കന്പനി ഡ്രൈവറായിരുന്നു. ആക്കപ്പറന്പിൽ മുഹമ്മദാലി- കുറ്റിക്കോടൻ ഖദീജ ദന്പതികളുടെ മകനാണ്.
ഭാര്യ: കുന്നപ്പള്ളി മാന്പ്രപ്പടിയിലെ കാട്ടുങ്ങൽ ഫസീല.മക്കൾ: ഷഹീൻ, ഷമീം(അബുദാബി), സന ഫാത്തിമ (പ്ലസ്ടു വിദ്യാർഥിനി). നിയമനടപടികൾ പൂത്തിയാക്കിയ ശേഷം മൃതദേഹം അബുദാബിയിൽ തന്നെ കബറടക്കും.
Movies
സിനിമ സംവിധായകൻ ജോൺ പോൾ ജോർജിന്റെ പിതാവ് കുന്നംപള്ളി കളത്തിൽപറമ്പിൽ കെ.വി.ജോർജ് (തങ്കച്ചൻ- 72 ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30ന് കുന്നംപള്ളി കൈരളി വില്ലയിലെ ശുശ്രൂഷയ്ക്കു ശേഷം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
ഭാര്യ: റീത്താമ്മ കുടമാളൂർ പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മകൾ: ഷാനെറ്റ് (കുവൈറ്റ്). മരുമക്കൾ : സുബി വർഗീസ് മെതിക്കളത്തിൽ കിഴക്കേപ്പറമ്പിൽ (പച്ച ചെക്കിടിക്കാട്, കുവൈറ്റ്). അന്നം കോച്ചാപ്പള്ളിൽ (കാലടി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.
ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോൺ പോൾ.
District News
കറുകച്ചാൽ: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന ബിഷപ് ഡോ. വത്സൻ വട്ടപ്പാറ (65) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചേലക്കൊമ്പ് ആംഗ്ലിക്കൻ പള്ളിയിൽ. ചേലക്കൊമ്പ് വട്ടപ്പാറ വി. എസ്. ജോണിന്റെ മകനാണ്.
നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റീസ്റ്റ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നു വേദ ശാസ്ത്രത്തിൽ ബിരുദം നേടി. 2003-ൽ വൈദികനായി. കാനം, തൊണ്ടുവേലി വാഴൂർ, വാ കത്താനം, മുട്ടപ്പള്ളി, കാണമല, തുലാപ്പള്ളി, ചുഴന, ചരൽ കുന്ന്, തിരുവനന്തപുരം, കൂവപ്പള്ളി, പുലിക്കുന്ന്, പനക്കച്ചിറ, കങ്ങഴ തുടങ്ങിയ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.2017 മെയ് നാലിനു മലങ്കര ഭദ്രാസന ബിഷപ്പായി അഭിഷിക്തനായി.
കേരള മക്കൾ മാസിക മാനേജിംഗ് എഡിറ്റർ, ക്രൈസ്തവ വീക്ഷണം ചീഫ് എഡിറ്റർ, മലങ്കര ഭദ്രാസന വൈദീക സെക്രട്ടറി, ഗൾഫ് റീജിയൻ എക്യൂമെനിക്കൽ ഫോറം കോ കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : മേരിക്കുട്ടി പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജിഷ, (സൗദി). മകൻ: അക്ഷയ് പോൾ. മരുമകൻ: ജിൻസൺ തോമസ് (സൗദി).
National
മുംബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.
എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
International
സിയാറ്റിൽ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ അമേരിക്കക്കാരനായ ജിം വിറ്റേക്കർ (97) അന്തരിച്ചു. 1963 മേയ് ഒന്നിനാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്കു മുകളിലെത്തിയത്.
ടെൻസിംഗ് നോർഗേയും എഡ്മണ്ട് ഹില്ലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി പത്തു വർഷത്തിനുശേഷമായിരുന്നു വിറ്റേക്കറിന്റെ നേട്ടം. നവാംഗ് ഗോംബു ഷേർപ്പ എന്ന നേപ്പാളിയായിരുന്നു വിറ്റേക്കറിന്റെ വഴികാട്ടി. അമേരിക്കയിൽ മലയകയറ്റ വിനോദം പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റേക്കർ വലിയ പങ്കുവഹിച്ചിരുന്നു.
സിയാറ്റിലിൽ ജനിച്ച വിറ്റേക്കറും ഇരട്ട സഹോദരൻ ലൂവും ചെറുപ്പകാലാം മുതലേ ഉയരങ്ങൾ കീഴടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നവരാണ്. ഇരുവരും പതിനാറാം വയസിൽ 2428 മീറ്റർ ഉയരമുള്ള ഒളിന്പസ് മലയ്ക്കു മുകളിൽ കയറിയിരുന്നു. 2013ൽ 83ാം വയസിൽ മകൻ ലൂവിനൊപ്പം വീണ്ടും എവറസ്റ്റ് കയറി.
Kerala
തൃശൂർ: അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു.
ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആന്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം, ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു.
വിദ്യാഭ്യാസവും വൈദിക ശുശ്രൂഷയും
തൃശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അദ്ദേഹം എംബിബിഎസ് ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി 1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചു.
ആരോഗ്യ-കാരുണ്യ മേഖലകളിലെ സ്ഥാപകൻ
തൃശൂരിന്റെ ആരോഗ്യഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. . ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്.
മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്സഭയിലെത്തിയത്. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
Kerala
തൃശൂര്‍: നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാര്‍ഷികസര്‍വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായ ഡോ. ടി.ആര്. ശങ്കുണ്ണി (91) അന്തരിച്ചു.
സംസ്കാരം നടത്തി. ആലുവ പാലത്തിങ്കൽ ശങ്കരൻകുട്ടിയുടെ മകൾ രാധയാണു ഭാര്യ. മക്കൾ: ജയശങ്കർ (ഡയറക്ടർ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വാളയാർ), പ്രഫ. ഡോ. എസ്. മായ (വെറ്ററിനറി കോളജ്, മണ്ണുത്തി), എസ്. പ്രിയ.
1983 മുതല്‍ അഞ്ചുവര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഉയർന്ന മാനദണ്ഡങ്ങൾ ദീക്ഷിക്കുന്ന ഗ്രന്ഥങ്ങൾക്കു കേരള സർക്കാർ നൽകുന്ന പാരിതോഷികം നേടിയ "ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ’അടക്കം ആറു പ്രസിദ്ധ സയൻസ് ഗ്രന്ഥങ്ങൾ, കേരള സാഹിത്യ അക്കാദമി അവാർഡും ദേശീയ അവാർഡും നേടിയ "വായുവിന്റെ കഥ’, സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ "ഹിതോപദേശകഥകൾ’എന്നിവയടക്കം 15 ബാലസാഹിത്യഗ്രന്ഥങ്ങളും ഉറൂബ് അവാർഡ് കരസ്ഥമാക്കിയ "വേദസാക്ഷി’ അടക്കം 15 നോവലുകളും പ്രധാന രചനകളാണ്.
യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു.
National
ന്യൂഡൽഹി: സൂരിനാം മുൻ പ്രധാനമന്ത്രി ചന്ദ്രികാപ്രസാദ് സന്തോഖി (67) അന്തരിച്ചു.
2020 മുതൽ 2025 വരെ സൂരിനാം പ്രസിഡന്റായിരുന്നു. പ്രോഗ്രസീവ് റിഫോം പാർട്ടി ചെയർമാനായിരുന്നു. 2005 മുതൽ 2010 വരെ സൂരിനാമിൽ നിയമമന്ത്രിയായിരുന്നു.
ഭാരതീയ സംസ്കാരത്തോട് ഏറെ പ്രതിപത്തിയുണ്ടായിരുന്ന സന്തോഖി സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രികാപ്രസാദ് സന്തോഖിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
National
മുംബൈ: വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്പത് സിംഘാനിയ (87) അന്തരിച്ചു. അദ്ദേഹത്തിന്റെ മകനും റെയ്മണ്ട് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം മുംബൈയിലായിരുന്നു അന്ത്യം.
1980 മുതൽ 2015 വരെ റെയ്മണ്ട് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ഹോണററി എയർ കൊമ്മഡോർ പദവിയും നൽകിയിരുന്നു. 2006ൽ മുംബൈ ഷെരീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെറുകിട തുണിമില്ലായിരുന്ന റെയ്മണ്ടിനെ ലോകനിലവാരമുള്ള വസ്ത്ര ബ്രാൻഡായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിനസ് രംഗത്തെ അതികായനായിരുന്നു വിജയ്പത്. വ്യവസായത്തിന് പുറമെ വിമാനയാത്രകളോടും സാഹസികതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന സിംഘാനിയ 67-ാം വയസിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതി ലോക റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ സമ്പാദ്യമെല്ലാം മകന് നൽകിയ ശേഷം വാടകവീട്ടിലേക്ക് മാറിയ വിജയ്പത് സിംഘാനിയയുടെ ജീവിതകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Kerala
കൊല്ലം: നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. ഭാര്യ: സന്ധ്യ രാജേന്ദ്രൻ. മകൻ: ദിവ്യ ദർശൻ.
Kerala
കൊച്ചി: പ്രമുഖ ബലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. 70ൽ അധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ പൊതുദർശനത്തിനുശേഷം 12ന് സംസ്കരിക്കും. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിതകളും കഥകളും എഴുതി. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗമായിരുന്നു. സ്പൈസസ് ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
1945ല്‍ കണ്ണൂരിലാണു ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. കലൂർ പി.സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: നളിനി.
National
ചെന്നൈ: കുഴിത്തുറൈ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
2014ൽ സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു ഡോ. ജെറോം ദാസ് വരുവേൽ. 2020 ജൂൺ ആറിന് അനാരോഗ്യം മൂലം രാജിവച്ചു. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സഭയിൽ ചേർന്നു.
വൈദികനായശേഷം റോമിൽ ഉന്നതപഠനം നടത്തി. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.